ചെറുതോണി: നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെ മഴ മറയ്ക്കുള്ളിൽ പച്ചക്കറി തൈകൾ നട്ടു. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നാണ് തൈകൾ നട്ടത്.
വെണ്ട, പയർ, പാവൽ, തക്കാളി, വഴുതന, ചീര, മുളക് എന്നിവയുടെ തൈകളാണ് മഴ മറയ്ക്കുള്ളിൽ മണ്ണിലും ഗ്രോ ബാഗുകളിലുമായി നട്ടത്.
സ്കൂൾ മാനേജർ ഫാ. സെബാൻ മേലേട്ട് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ്, പിടിഎ പ്രസിഡന്റ് മാത്യു ജോർജ്, എംപിടിഎ പ്രസിഡന്റ് പ്രിൻസി പോൾസൺ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പിടിഎ പ്രതിനിധികൾ പച്ചക്കറി കൃഷിക്കുള്ള സ്ഥലം ഒരുക്കി. കാർഷിക ക്ലബ്ബ് കോ-ഓർഡിനേറ്റർ ജോസിയാമോൾ ജോസ് വിത്ത് നടീലിനെയും പരിപാലനത്തെയും കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാനാകുമെന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.